
11.അസ്ത്രകലശ പൂജ
ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു. ഗര്ഭഗൃഹത്തിൽ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു
അഗ്നികോണിൽ നടത്തുന്ന രക്ഷോഘ്‌ന ഹോമം, ഈശ കോണിൽ നടത്തുന്ന വാസ്തു ഹോമം , വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗർഭ ഗൃഹത്തിന്റെ മധ്യത്തിൽ പ്രാസാദ മൂർത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങൾ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു.
12.ബിംബ ശുദ്ധി കലശം
ക്ഷേത്രത്തിന്റെ ഈശ കോണിൽ പത്മങ്ങൾ വരച്ച് ബിംബ ശുദ്ധി കലശങ്ങൾ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങൾ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തിൽ ആടുന്നു
13.മണ്ഡപ സംസ്കാരം
ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂർവാദി ദ്വാരത്തിൽ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .
14.അഗ്നിജനനം
മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തിൽ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു. കുണ്ഡത്തിൽ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗർഭപാത്രത്തിൽ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗർഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങൾ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു .
15.ശയ്യാപൂജ
മണ്ഡപത്തിൽ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കൽ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാൽ ഉപഹാര ദ്രവ്യങ്ങൾ വച്ച് പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങൾ വെയ്ക്കുന്നു .
16.ജലോദ്ധാരം
ശയ്യയിൽ കടത്തിയിരിക്കുന്ന ബിംബത്തിൽ അനന്തരം ധ്യാനാധിവാസം നടത്തുന്നു. പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി, ഭൂതസംഹാര കൃയകൾ നടത്തുന്നു. തന്ത്രി സ്വശരീരത്തിൽ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദർഭ പുല്ലു കൊണ്ട് സ്പർശിക്കുമ്പോൾ മേല്പറഞ്ഞ ക്രിയകൾ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം. അതിനായുള്ള ബിംബവുമായി തന്റെ നാഡികൾ ബന്ധിപ്പിക്കുന്ന നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു. ശേഷം ആചാര്യ കുണ്ഡത്തിൽ ഹോമം ചെയ്തു സാമ്പാതം ബിംബത്തിൽ ചേർത്ത് ശിരസ്തത്വ ഹോമം പൂർത്തിയാക്കുന്നു .
17.അധിവാസഹോമം
ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങൾ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു. തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച സമ്പാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്പാതം നപുംസക ശിലയിലും സ്പർശിക്കുന്നു. മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാൽ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തിൽ പാല്പായസം ഉണ്ടാക്കി നിവേദ്യവും, ബ്രാഹ്‌മണ ഭോജനവും, ബലിക്രിയയും ചെയ്യുന്നു.
18.പ്രതിഷ്ഠ
ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. സങ്കീർണമായ വിഗ്രഹ, നപുംസക ശിലാപ്രതിഷ്ഠയും, പീഠപ്രതിഷ്ഠയും, നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു. ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയിൽ എത്തിച്ച്, ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു. നപുംസക ശിലയും പീഠവും കർമങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത്. മുഹൂർത്തത്തിൽ ബിംബത്തെ പീഠത്തിനു മുകളിൽ വച്ച് പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തിൽ സംക്രമിപ്പിക്കുന്നു.
ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം. പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യൻ ദീക്ഷ കൊടുക്കുന്നതായി. ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങൾ നിശ്‌ചയിക്കുന്നു. ക്ഷേത്ര മര്യാദകൾ ക്ഷേത്ര പുരുഷൻ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ്. അവ പാലിക്കേണ്ടത് കർത്തവ്യവും. ഇല്ലെങ്കിൽ ചൈതന്യ ലോപം സുനിശ്ചിതവും.
ഇത്രയേറെ സങ്കീർണമായ അനുഷ്ഠാനങ്ങളും യാതനകളും, ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത് ക്ഷേത്രത്തിലെ തന്ത്രിമാർക്കല്ലാതെ വേറെ ആർക്കാണ് ദേവന്റെ, ക്ഷേത്രത്തിന്റെ കാര്യത്തിൽ പരമാധികാരം...?
പ്രതിഷ്ഠ കഴിഞ്ഞാല്‍ ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ എങ്ങനെയെല്ലാം വേണമെന്ന് തന്ത്രിയാണ് നിശ്ചയിക്കേണ്ടത്. ആചാര്യനായ തന്ത്രി ക്ഷേത്ര ശില്‍പ്പത്തില്‍ കലശാഭിഷേകത്തോടെ പ്രതിഷ്ഠ നിര്‍വഹിക്കുമ്പോള്‍ തന്ത്രിയും ക്ഷേത്രവും തമ്മില്‍ ഒരു ഗുരുശിഷ്യഭാവമാണ് ഉളവാകുന്നത്. മന്ത്രോപദേശം കഴിഞ്ഞാല്‍ സാധനാക്രമങ്ങള്‍ ശിഷ്യന് ഗുരുനാഥന്‍ ഉപദേശിച്ചുകൊടുക്കണമല്ലോ. ഈ സ്ഥാനത്താണ് തന്ത്രി പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പൂജാദികാര്യങ്ങളുടെ ക്രമം നിശ്ചയിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ അഞ്ച് പൂജകളും സാധാരണ ക്ഷേത്രങ്ങളില്‍ മൂന്ന് പൂജകളും പതിവുണ്ട്. ചിലപ്പോള്‍ ഇത് ഒരു പൂജ ആയെന്നുംവരാം. ചില ക്ഷേത്രങ്ങളില്‍ ദിവസേന പൂജയില്ലാതെയും ഉണ്ട്. അവിടങ്ങളില്‍ മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ മറ്റോ പൂജകളേ ഉണ്ടാവുകയുള്ളൂ. ഇതെല്ലാം തന്ത്രി നിശ്ചയമാണ്. സാധനാക്രമങ്ങള്‍ മാറ്റാന്‍ ഗുരുനാഥനവകാശമുള്ളതുപോലെ പൂജാദിക്രമങ്ങള്‍ മാറ്റാന്‍ തന്ത്രിയ്ക്കധികാരമുണ്ട്. സാധാരണ ക്ഷേത്രങ്ങളിലുള്ള മൂന്നു പൂജകള്‍ ഉഷഃപൂജയും ഉച്ചപ്പൂജയും അത്താഴപ്പൂജയുമാണ്. ഗായത്രീ ഉപാസകന്മാര്‍ മൂന്ന് സന്ധ്യകളില്‍ ആണ് ഉപാസന നടത്താറുള്ളത്. അതിനോട് സാമ്യമുള്ളവയാണ് ഈ മൂന്നു പൂജകള്‍ എന്ന് മൊത്തത്തില്‍ പറയാം. അതില്‍ പ്രാതഃസന്ധ്യ താത്വികമായി മൂലാധാരസംബന്ധിയും മദ്ധ്യാഹ്‌ന സന്ധ്യ അനാഹത സംബന്ധിയും, സായംസന്ധ്യ ആജ്ഞാചക്രസംബന്ധിയുമാണ്. ഇവ യഥാക്രമം ബ്രഹ്മാണിയായും വൈഷ്ണവിയായും രുദ്രാണിയായും ഗായത്രീദേവിയെ ഉപാസിക്കുന്ന രീതിയിലാണെന്ന് സന്ധ്യാവന്ദന ക്രമങ്ങളില്‍ കാണാം. അത്താഴപ്പൂജക്കു മുമ്പുതന്നെ വൈകുന്നേരത്തെ ദീപാരാധന ഒരു പൂജയേ അല്ലെന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഉച്ചപൂജ കഴിഞ്ഞ് അടച്ചിരിക്കുന്ന നട വൈകുന്നേരത്തെ ക്രിയകള്‍ക്കായി തുറക്കുമ്പോള്‍ ഒരു ആരതി കൊടുക്കുന്നു എന്നു മാത്രം. സ്വാഭാവികമായും ആ സമയത്ത് ഭക്തന്മാര്‍ അധികമുണ്ടാകുമെന്നതിനാല്‍ സര്‍വ്വ ആഭരണങ്ങളും ചാര്‍ത്തി വിളക്കുകളെല്ലാം തെളിയിച്ച് നടതുറക്കുക മാത്രമാണ്, അവിടെ ചെയ്യുന്നത്. അവിടെ മറ്റ് പൂജാംഗങ്ങളൊന്നുമില്ല. അങ്ങിനെ നട തുറക്കുമ്പോള്‍ ഭക്തജനങ്ങള്‍ക്കുവേണ്ടി ദീപങ്ങള്‍ കൊണ്ടും കര്‍പ്പൂരങ്ങള്‍കൊണ്ടും ഒരാരതി നടത്തുകമാത്രം അവിടെ ചെയ്യുന്നു. പിന്നീട് അത്താഴപ്പൂജക്കുള്ള ഒരുക്കങ്ങളായി. ഇതില്‍ ഉച്ചപ്പൂജ സപരിവാരമായും മറ്റു പൂജകള്‍ ലഘുവായും ചെയ്യുകയാണ് പതിവ്. അങ്ങിനെ ഉച്ചപ്പൂജക്ക് ശ്രീഭൂതബലിയും പതിവുണ്ട്. മഹാക്ഷേത്രങ്ങളില്‍ ഉഷഃപൂജ കഴിഞ്ഞ് സൂര്യപ്രകാശം ബിംബത്തില്‍ തട്ടുമാറ് സൂര്യനുയരുമ്പോള്‍ ഒരു 'എതൃത്ത' പൂജയും ഉച്ചപ്പൂജക്ക് അല്‍പം മുമ്പ് ഏതാണ്ട് 10 മണിയാകുമ്പോള്‍ അതായത് പഴയകാലത്തെ നിഴല്‍ അളന്ന് സമയം കാണുന്ന രീതിയില്‍ 12 അടി നിഴല്‍ വരുന്ന അവസരത്തിലുള്ള 'പന്തീരടിപൂജ'യും നടപ്പുണ്ട്. മൂലാധാരത്തിലുള്ള കുണ്ഡലിന്യുദയമാണ് യഥാര്‍ത്ഥമായ പ്രഭാതം. അതുകഴിഞ്ഞ് അനാഹത ചക്രത്തിലേക്ക് കുണ്ഡലിനി പ്രവേശിക്കുമ്പോള്‍ സൂര്യമണ്ഡലമാരംഭിക്കുകയായി. അത് മദ്ധ്യാഹ്‌നമാണ്. ആ സൂര്യമണ്ഡലം അവസാനിക്കുന്നത്; ചന്ദ്രമണ്ഡലം ആരംഭിക്കുന്നത് ആജ്ഞാചക്രത്തിലാണ്. ഇത് സായംസന്ധ്യയാണ്. അതുകൊണ്ട് മൂന്ന് സന്ധ്യകളേയും സാധാരണക്കാര്‍ ഉപാസിക്കുന്നു. ആജ്ഞാചക്രത്തോടെയുള്ള ചാന്ദ്രമണ്ഡലം രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നു. അത് കുണ്ഡലിനീശക്തിയുടെ അധോഗമനമാണ്. പിന്നെ വീണ്ടും പ്രഭാതത്തില്‍ കുണ്ഡലിനീശക്തി ഊര്‍ദ്ധ്വഗമനം ആരംഭിക്കുന്നു. ഇത് സാധാരണദേഹത്തില്‍ പിംഗളാനാഡിയിലൂടെയും ഇഡാനാഡിയിലൂടെയുമാണ് നടക്കുക. സാധകന്‍ ഉപാസിക്കേണ്ടത് ഊര്‍ദ്ധ്വഗമനത്തെയാണ്. അതായത് പിംഗളാനാഡിയെയാണ്. അതായത് ഇൗ മൂന്ന് സന്ധ്യകളെയുമാണ്. അങ്ങിനെ പൂജാക്രമങ്ങള്‍ മന്ത്രസാധകന്റെ ദൈനംദിന ഉപാസനാക്രമങ്ങളുടെ വിവിധ വശങ്ങളായി പരിണമിക്കുന്നു. മഹാക്ഷേത്രങ്ങളില്‍ അത്താഴപ്പൂജ കഴിഞ്ഞാല്‍ 'തൃപ്പുക' എന്ന ചടങ്ങുണ്ട്. ധൂപിക്കുക എന്നാണവിടെ പ്രധാന ക്രിയ. ധൂപം വായുവിന്റെ പ്രതീകമാണെന്നു മനസ്സിലാക്കണം. മഹാക്ഷേത്രങ്ങളാകുന്ന ഉഗ്ര സാധകദേഹങ്ങള്‍ അത്താഴപ്പൂജ പ്രതിനിധാനം ചെയ്യുന്ന സന്ധ്യാജപവും കഴിഞ്ഞ് ഉഗ്രമായ പ്രാണായാമത്തോടുകൂടി സമാധിസ്ഥിതിയെ പ്രാപിക്കുന്നു. പള്ളിയുണര്‍ത്തുന്നതോടുകൂടിയുള്ള നിര്‍മ്മാല്യദര്‍ശനം സമാധിയില്‍നിന്നുണര്‍ത്തുന്ന ഒരു യോഗീശ്വരന്റെ പ്രഥമ ദര്‍ശനമാണ്. അതാണ് നിര്‍മ്മാല്യദര്‍ശനത്തിന്റെ പ്രാധാന്യം. ഈ സമയത്ത് ദേവന്‍ യോഗപരമായി പൂര്‍ണ്ണശക്തിയിലായിരിക്കും ഉണ്ടാവുക. രാത്രിയില്‍, ദേവന്മാര്‍ വന്ന് പൂജിക്കുന്നു എന്നും പൂജകഴിഞ്ഞാണ് നിര്‍മ്മാല്യദര്‍ശനമെന്നും സാധാരണ വാദഗതിമേല്‍ പറഞ്ഞ യോഗശാസ്ത്രരഹസ്യത്തിന്റെ പ്രതീകാത്മക പ്രതിപാദനം മാത്രമാകുന്നു. (മാധവജിയുടെ ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്)
ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ക്ഷേത്രവും ചൈതന്യ സമ്പൂര്‍ണമാകുന്നത് മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമതര്‍പ്പാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്‍മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രതിഷ്ഠ നടത്തുമ്പോഴാണ്. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്‍മാര്‍ തന്റെ ആത്മചൈതന്യത്തെ ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ് ക്ഷേത്രവും വിഗ്രഹവും ചൈതന്യവും പൂര്‍ണമാകുന്നത്. കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തുന്നത്. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷണത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷപൂജ, എതൃത്ത്പൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷങ്ങളോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചുതളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തു മണിയടിച്ചു നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണു ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു. വിഗ്രഹത്തില്‍നിന്നും ഇവ മാറ്റുന്നതിന് മുമ്പു നടത്തുന്ന ദര്‍ശനത്തിനു നിര്‍മ്മാല്യദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിനു മുമ്പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നതാണ് നിര്‍മ്മാല്യദര്‍ശനം. നിര്‍മ്മാല്യം മാറ്റിയതിനുശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്ത്പൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങു നടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യ നവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെയാണ് ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നംവരെയുള്ള പൂജകള്‍ സമാപിക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റുദിവസങ്ങളില്‍ സന്ധ്യക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരുദിവസത്തെ പൂജാക്രമത്തിനു പരിസമാപ്തി കുറിക്കുന്നു. ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്‌പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദനീയമല്ലാ. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍നിന്നും വിലക്കി നിര്‍ത്താറുണ്ട്. ഉദാഹരണത്തിന് നിവേദ്യസമയത്ത് ദര്‍ശനത്തിനു വിലക്കു കല്‍പ്പിച്ചിരിക്കുന്നതു നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന് മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ് ഈ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇതു മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്.