top of page

അമ്പലത്തില്‍ എന്തിന് വഴിപാട്

 കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി.

ക്ഷേത്രം (ആരാധനാലയം)

ക്ഷേത്രം എന്ന പദം കൊണ്ട് ഹൈന്ദവ -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത് (ഇംഗ്ലീഷ്:kshetra). ഇതിന്റെ ആംഗലേയ പരിഭാഷ Temple എന്നാണ്‌. ഇതിന് അർത്ഥം ദേവാലയം എന്നാണ്‌. സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ്‌ ക്ഷേത്രം ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഭാരതത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

·         "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നു അഭിപ്രായമുണ്ട്.

·         ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം.ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. പൊതുവേ ഇവ സഗുണാരാധനയുടെ കേന്ദ്രങ്ങൾ ആണ്.

·         എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.

·         എന്നാൽ പ്രതിഷ്ഠയോ നാലമ്പലമോ കെട്ടിടമോ ഇല്ലാത്ത ക്ഷേത്രങ്ങളും ഉണ്ട്. ഓച്ചിറ പരബ്രഹ്മക്ഷേത്രം ഉദാഹരണമാണ്. ഇവ നിർഗുണാരാധനയുടെ കേന്ദ്രം ആണ്. 

ക്ഷേത്ര സങ്കല്‍പം 

ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.

 

ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.

 

കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്. [9]

1.      അകത്തെ ബലിവട്ടം

2.      അന്തഹാര / ചുറ്റമ്പലം / നാലമ്പലം

3.      മധ്യഹാര / വിളക്കുമാടം

4.      പുറത്തെ ബലിവട്ടം

5.      മര്യാദ / പുറംമതിൽ

         ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.

എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍.ഇനി ക്ഷേത്രങ്ങളിലെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് എങ്ങനെ എന്നറിയാം., ലയം

ഈയിടെയായി കേരളത്തിൽ അയ്യപ്പസ്വാമിയോടും ശബരിമലയോടുമൊപ്പം ഏറ്റവും തവണ ഉയർന്നു കേൾക്കുന്ന പദമാണ് തന്ത്രി എന്നത്. തന്ത്രി എന്ന് കേൾക്കുന്ന മാത്രയിൽ സ്ഥിര ബുദ്ധി നഷ്ടപ്പെടുന്ന മന്ത്രിമാർ മുതൽ വിപ്ലവ പുൽനാമ്പുകൾ വരെ ആണ് ചുറ്റും. തന്ത്രി  എന്ന സ്ഥാനം വിശ്വാസികൾക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി എന്നത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ ആണ് ഈ ആക്രമണവും. ശുഷ്ക ബുദ്ധികൾക്ക് ബ്രാഹ്മണ വിരോധത്തിന്റെയും, പൂണൂലിന്റെയും, വിഭൂതിയുടെയും, തന്ത്ര മന്ത്രങ്ങളുടെയും വെറുപ്പിനും ഭയത്തിനുമപ്പുറം  തന്ത്രിയെ ദർശിക്കാനാവില്ല . വിശ്വാസികൾ പക്ഷെ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തിൽ ആദ്യ ആറു പടലങ്ങൾ  ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്.

അത്യന്തം സങ്കീർണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന  ഘടകം  ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി.

ക്ഷേത്രമെന്ന ചിന്ത പ്രാവർത്തികമാവുമ്പോൾ  മുതൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ ആരംഭിക്കുന്നു. പലഘട്ടങ്ങൾ പരിശോധിക്കാം

1. ആചാര്യവരണം

ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്രം നിർമിക്കാൻ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികർമികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമർപ്പിച്ചു നമസ്കരിക്കുന്നു . ക്രിയകൾക്കായി വേണ്ട പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും,  യജനോപവീതവും നൽകുന്നു . 

2. ഭൂപരിഗ്രഹം

അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ  ഭൂമി തിരഞ്ഞെടുത്ത ശേഷം, കർഷണം ചെയ്‌ത്‌, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി  ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂർത്തത്തിൽ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കൽപ്പമാണല്ലോ. വാസ്തുബലി, വാസ്തുപൂജ, ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളിൽ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേൽ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേൽ അനാഹത ചക്രപ്രതീകമായ പത്മവും, പദ്മത്തിൽ ഹൃദയസ്ഥാനമായ പ്രാണശക്തിയും  അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു .

3. ഇഷ്ടകാന്യാസം, ഗര്ഭപാത്ര സ്ഥാപനം

ശ്രീകോവിൽ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ് . ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗർഭ പാത്ര സ്ഥാപനം ഭൂമിയിൽ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി  ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗർഭപാത്രത്തിൽ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു.

4. ശിലാപരിഗ്രഹം

ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങൾ വിധിപ്രകാരം പൂജിക്കുന്നു . 
വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങൾ തികഞ്ഞ ശിലയെ കണ്ടെത്തിയാൽ ദേഹശുദ്ധ്യാതികൾ ചെയ്തു പുറപ്പെടുന്നു. ശിലയെ അഭിവാദ്യം ചെയ്ത് , ശിലക്കുമുകളിൽ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്ന ദർശനത്തെ പ്രാർത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശിൽപികൾ  വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

5.മുളയിടൽ

ബിംബ നിർമാണം പൂർത്തിയായാൽ തന്ത്രി  വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു . സോമമണ്ഡലം നിർമ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത്. മുളയിടൽ എന്ന് വിളിക്കുന്ന ചടങ്ങിൽ മുളപ്പാളുകളിൽ മഹാവിഷ്ണുവിനേയും ബീജത്തിൽ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നിൽക്കുന്നുവോ അത്രയും നാൾ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു .

6. ബിംബ പരിഗ്രഹം

ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതിൽ കിടത്തുന്നു . പൂജിച്ച സ്വർണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട്  നേത്ര ഉന്മീലനം നടത്തുന്നു . ശില്പിയിൽ നിന്നും ശില്പത്തെ ക്ഷേത്ര യജമാനൻ ഏറ്റു വാങ്ങി തന്ത്രിക്കു സമർപ്പിക്കുന്നു .

7.ബിംബശോധന

നെയ്യ്, തേൻ, മരത്തൊലികൾ, പുറ്റു മണ്ണ് , ചെറുപയർ, മഞ്ഞൾ മുതലായവ ബിംബത്തിൽ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതൽ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളിൽ സ്പർശിക്കുന്നു .

8.കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തിൽ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വർണവും ചരടിൽ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യിൽ കെട്ടുന്നു . സ്വർണം സൂര്യമണ്ഡലവും, കടുക് അഗ്നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആവുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ .

9.ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കൽപ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു . വരുണദേവനെ തന്ത്രി തീർത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാൽ പലകമേൽ കിഴക്കു ശിരസായി കിടത്തി വെള്ളത്തിൽ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു .

10.പ്രാസാദ ശുദ്ധി

പ്രാസാദം എന്നാൽ ശ്രീകോവിൽ ആകുന്നു.  തന്ത്രി ബിംബത്തെ ദർഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ  ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികൾ കാണിച്ചു പ്രാസാദ  ശുദ്ധി പൂർത്തിയാക്കുന്നു

© 2023 by Coming Soon

Copyright Sri mahalakshmi group 2019. All Rights Reserved.

for any Other further Details Contact,Sri Mahalakshmi Poojamate , Sri mahalakshmi Group,

Near Sri Mahavishnu temple,Anjilithanam P.o,Thiruvalla,Kerala-689 582

Or Mail @--- poojamate.kerala@gmail.com

​Or Contact 97 444 900 67 , 8592 00 7918 , 9142 944 182

bottom of page