top of page

 നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?

നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?

"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു. നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ്. നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം. ആയതിനാൽ അത് മറികടക്കാൻ പാടില്ല.

ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്. ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു. നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാരനിക്ഷേധമാണ്

നിവേദ്യമുദ്ര
ॐ➖➖➖➖ॐ➖➖➖➖ॐ
ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച് പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം. ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്. പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം. എന്നാൽ മുന്നിലും പിന്നിലും പാടില്ല, പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം. നിവേദ്യത്തെ അമൃതായി സങ്കല്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല. അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു. ആയതിനാൽ മന്ത്രങ്ങളും നിവേദ്യ വസ്തുക്കളും അഗ്നി പത്നിയായ സ്വാഹയുടെ കയ്യിൽ കൊടുക്കുന്നു, സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു. അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്.

ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. .

ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?

ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?

ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും. ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത് ഉയരുന്ന മണിനാദവും മന്ത്രോച്ചാരണവും എല്ലാം ചേരുമ്പോള്‍ ഭക്തന് അവാച്യമായ അനുഭൂതിയാണ് ഉളവാകുന്നത്. ഭഗവത് വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്നതിന് പിന്നില്‍ വലിയൊരു തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്.

പൂജാവേളയില്‍ അനുഷ്ഠിക്കുന്ന ഷോഡശ ഉചാരങ്ങളില്‍ ഒന്നാണ് ആരതി. കര്‍പ്പൂരമാണ് ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുന്നത്. ഘടികാരസൂചിയുടെ ചലനം എപ്രകാരമാണോ അപ്രകാരമാണ് ആരതി ഉഴിയുന്നതും. ഭഗവത് വിഗ്രഹത്തിന്റെ ഓരോ ഭാഗവും ആരതി ഉഴിയുമ്ബോഴുണ്ടാകുന്ന പ്രകാശത്താല്‍ കൂടുതല്‍ വ്യക്തമാകും. ഭഗവാന് ആരതി ഉഴിഞ്ഞ ശേഷം ഭക്തരും ആരതി തൊട്ട് കണ്ണില്‍ വയ്ക്കാറുണ്ട്.

കര്‍പ്പൂരം എന്നത് നമ്മുടെ ഉള്ളിലുള്ള വാസനകളുടെ പ്രതീകമാണ്. ജ്ഞാനമാകുന്ന അഗ്നികൊണ്ട് ആ വാസനകളെ ദഹിപ്പിച്ച്‌ ഇല്ലാതാക്കുക എന്ന അര്‍ത്ഥമാണ് ആരതി ഉഴിയുന്നതിലൂടെ മനസ്സിലാക്കേണ്ടത്. നമ്മുടെ ഉള്ളില്‍ അഹംബോധത്തിന്റെ ഒരംശം പോലും ഇല്ലാത്ത വിധത്തില്‍, ഈശ്വരനും നമ്മളും രണ്ടല്ല എന്ന ഭാവമാണ് അതിലൂടെ ഉണരുന്നത്. കര്‍പ്പൂരം കത്തിയെരിയുമ്പോള്‍ അതില്‍ നിന്നൊരു സുഗന്ധം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയും. സ്വയം സമര്‍പ്പിച്ചുകഴിയുമ്പോള്‍ സ്‌നേഹത്തിന്റേതായ ഒരു സുഗന്ധം പരത്താന്‍ കഴിയും.

ദീപാരാധനയ്ക്ക് നടയടച്ചു കഴിഞ്ഞാല്‍ നട തുറന്ന് ഭഗവാനെ കാണുന്നതിന് തൊഴുകൈയോടെ നില്‍ക്കും ഭക്തന്‍. എന്നാല്‍ നടതുറന്ന് ആരതിയുടെ സമയം ആകുമ്ബോഴേക്കും അറിയാതെ തന്നെ കണ്ണുകളടയ്ക്കും. ഭഗവാനെ അവന്‍ മനസ്സില്‍ കാണും. ഓരോ വ്യക്തിയുടേയും ഉള്ളം ഈശ്വരന്‍ വസിക്കുന്ന ക്ഷേത്രമാണ് എന്നല്ലേ ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. ആരതിയുഴിഞ്ഞ് കണ്ണില്‍ വയ്ക്കുന്നത് ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ കാഴ്ചപ്പാടുകളേയും ചിന്തകളേയും പരിപാവനവും മനോഹരവും ആക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം.

 

 

ക്ഷേത്രത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്...

ക്ഷേത്രത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്...

സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ജനങ്ങള്‍ പല സംസ്‌കാരങ്ങളിലുള്ളവരാണ്. ഓരോരുത്തരേയും അവരവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല; ദഹിക്കാന്‍ പാകത്തിനുള്ള ഭക്ഷണം നല്‍കണം. ചില രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുത്താല്‍ അലര്‍ജിയാകും; അവര്‍ക്ക് ഗുളിക വേണ്ടിവരും. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ അക്ഷരങ്ങളില്‍ തൊടുവിച്ചു പഠിപ്പിക്കണം. ചെവി കേള്‍ക്കാത്ത കുട്ടിയെ ആംഗ്യഭാഷയിലൂടെ പഠിപ്പിക്കണം. ഇതേരീതിയില്‍ ഓരോരുത്തരുടേയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌ക്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിച്ചത്. അങ്ങനെയാണ് സഗുണസങ്കല്‍പ്പവും, ഭക്തിയോഗവും, കര്‍മ്മയോഗവും തുടങ്ങി വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്.

ഈശ്വരാരാധനയുടെ പ്രഥമ ഘട്ടമാണ് ക്ഷേത്രാരാധന. വ്യക്തിഭാവത്തില്‍ ഈശ്വരനെ ആരാധിക്കുവാനും അവിടത്തോട് ഒരു ബന്ധം വളര്‍ത്തുവാനും ക്ഷേത്രവും പ്രതിഷ്ഠയും ഉപകരിക്കുന്നു. എന്നാല്‍ ക്രമേണ എല്ലായിടത്തും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ നമ്മള്‍ കഴിവുനേടണം. അതാണ് ക്ഷേത്രാരാധനയുടെ ലക്ഷ്യം.

കടലും, തിരയും ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ രണ്ടും വെള്ളമാണ്. മാലയും, വളയും, മോതിരവും, പാദസരവും എല്ലാം കാണുമ്പോള്‍ ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ അവയെല്ലാം സ്വര്‍ണ്ണം തന്നെയാണ്. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ അവയെല്ലാം ബ്രഹ്മം തന്നെ. അത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നതോടെ ഒരുവന്റെ പ്രശ്‌നങ്ങളെല്ലാം അസ്തമിക്കുന്നു. സൂര്യനുദിക്കുന്നതോടെ അന്ധകാരം ഒഴിയുന്നതുപോലെ. എന്നാല്‍ ഇത് സാക്ഷാത്കരിക്കണമെങ്കില്‍ വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്ന വിശ്വാസത്തെ അതിക്രമിക്കണം. സര്‍വ്വതിലും ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം.

വാസ്തവത്തില്‍ നമ്മില്‍ത്തന്നെ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് നാം ഉപാസിക്കേണ്ടത്. ആ ചൈതന്യത്തെ ഒരു കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍കണ്ട് ആരാധിക്കുന്നു. ശ്രീകോവിലിനുമുന്നില്‍നിന്നു വിഗ്രഹത്തെ ദര്‍ശിച്ചതിനുശേഷം കണ്ണുകളടയ്ക്കുന്നതിലൂടെ നാം അതാണ് ചെയ്യുന്നത്. പിന്നീട് കണ്ണുതുറന്ന് സര്‍വ്വതിലും ഈശ്വരനെ ദര്‍ശിക്കുക. അങ്ങനെ രൂപങ്ങളെല്ലാം അതിക്രമിച്ച സര്‍വ്വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്ക്കരിക്കാന്‍ നമുക്കു കഴിയുന്നു.

കാളിദാസന്‍ ക്ഷേത്രത്തിനുള്ളില്‍ക്കടന്നു കതകടച്ചു. ദേവി കതകിനു മുട്ടി. കതകു തുറക്കുന്നില്ല. ദേവി ചോദിച്ചു. ‘അകത്താര്?’ ഉടനെ അകത്തുനിന്നും ഒരുചോദ്യം ‘പുറത്താര്?’വീണ്ടുംചോദിച്ചു, ‘അകത്താര്?’ അതിനും മറുപടി, ‘പുറത്താര്?’ അവസാനം ദേവി മറുപടി പറഞ്ഞു, ‘പുറത്തു കാളി’. അപ്പോള്‍ അകത്തുനിന്നും മറുപടി ‘അകത്തു ദാസന്‍’. എത്ര ചോദിച്ചിട്ടും ഞാന്‍ ഇന്ന ആളെന്നുപറഞ്ഞില്ല. പേരും പറഞ്ഞില്ല. ‘പുറത്തു കാളി’ എന്നു പറഞ്ഞതിനു ശേഷമാണ് ‘അകത്തു ദാസന്‍’ എന്നുപറയുന്നത്. ആ നിമിഷം അദ്ദേഹത്തിനു ഈശ്വരദര്‍ശനവും ലഭിച്ചു. ‘ഞാന്‍’ നഷ്ടമാകുമ്പോള്‍ ശേഷിക്കുന്നത് ‘അവിടുന്നു’ മാത്രമാണ്. ഞാന്‍ എന്ന ചെറിയ വ്യക്തിത്വം നഷ്ടമാകണം. എല്ലാം അവിടുന്നാണ്, എല്ലാം ചെയ്യിക്കുന്നതും അവിടുന്നു തന്നെ എന്ന ബോധമാണ് ശരിയായ ഭക്തി.

സമര്‍പ്പിക്കുക എന്നുപറയുമ്പോള്‍ ചിലര്‍ ചിന്തി്ക്കും, ഈശ്വരന് എന്തെങ്കിലും കൊടുത്താല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്ന്. സമര്‍പ്പണത്തെ മനസ്സിലാക്കേണ്ടത് അങ്ങനെയല്ല. ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് മനോബുദ്ധിതലത്തിലാണ്. ഞാന്‍ ശരീരമാണ്, ഞാന്‍ ഇന്നയാളുടെ മകനാണ്, മകളാണ്, എന്റെ പേരിതാണ് എന്നിങ്ങനെ ഈ ‘ഞാനി’ന്റെകൂടെ നമ്മള്‍ എന്തൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ അവയൊക്കെയാണ് സമര്‍പ്പിക്കേണ്ടത്. അതിനെത്തന്നെയാണ് അഹങ്കാരം എന്നു പറയുന്നത്. അപ്പോള്‍ നമ്മള്‍ ഈശ്വരന്റെ ചുണ്ടിലെ പുല്ലാങ്കുഴലായിത്തീരും, പ്രണവനാദമുയര്‍ത്തുന്ന ശംഖായിമാറും.

ഇന്നു ക്ഷേത്രാരാധന വെറും അനുകരണം മാത്രമാണ്. ഒരാള്‍ കുടുംബക്ഷേത്രത്തില്‍ നിത്യവും പൂജ ചെയ്യുമായിരുന്നു. ഒരു ദിവസം എല്ലാം ഒരുക്കിവെച്ചു. പൂജ തുടങ്ങിയ സമയം വളര്‍ത്തു പൂച്ച നിവേദിക്കാന്‍വെച്ച പാലില്‍ നക്കി. അടുത്ത ദിവസം അദ്ദേഹം എല്ലാം ഒരുക്കിയതിനുശേഷം പൂച്ചയെപിടിച്ച് ഒരു കുട്ടക്കീഴില്‍ അടച്ചിട്ടു. പൂജ തീര്‍ന്നതിനുശേഷമേ അതിനെ തുറന്നുവിട്ടുള്ളു. അങ്ങനെ പൂജയ്ക്കുമുമ്പ് പൂച്ചയെ കുട്ടയ്ക്കുകീഴിലാക്കുന്നത് അദ്ദേഹം ഒരു ശീലമാക്കി.

കുറെനാള്‍ കഴിഞ്ഞു, മകന്‍ പൂജ ഏറ്റെടുത്തു. പൂച്ചയെ പൂജയ്ക്കുമുമ്പ് അടച്ചിടുന്നതു മകനും തുടര്‍ന്നു. ഒരു ദിവസം പൂജക്കൊരുക്കിയശേഷം പൂച്ചയെ അന്വേഷിക്കുമ്പോള്‍ അതിനെക്കാണുന്നില്ല. അതു ചത്തവിവരം അപ്പോഴാണറിയുന്നത്. പിന്നെ താമസിച്ചില്ല, അടുത്ത വീട്ടിലെ പൂച്ചയെപിടിച്ചുകൊണ്ടുവന്ന് കുട്ടക്കീഴിലടച്ചതിനുശേഷമേ പൂജ തുടങ്ങിയുള്ളൂ. അച്ഛന്‍ എന്തിനുവേണ്ടിയാണ് പൂച്ചയെ കുട്ടക്കീഴിലടച്ചിട്ടിരുന്നതെന്ന കാര്യം മകന്‍ അന്വേഷിച്ചില്ല. ഇതുപോലെയാണ് നമ്മള്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്. അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഏത് മതത്തിലായാലും ആചാരങ്ങളുടെ പിന്നിലെ തത്ത്വം നാം ഗ്രഹിക്കണം. അങ്ങനെയാകുമ്പോള്‍ അനാചാരങ്ങള്‍ നിലനില്‍ക്കുകയില്ല. അഥവാ, ഉണ്ടെങ്കില്‍ത്തന്നെ അവയെ ഉപേക്ഷിക്കാന്‍ കഴിയും.

ആദ്ധ്യാത്മികതയെക്കുറിച്ചും, ക്ഷേത്രാചാരങ്ങളുടെ പിന്നിലുള്ള തത്ത്വങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൗകര്യം ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടാകണം. ക്ഷേത്രം മനുഷ്യമനസ്സില്‍ സംസ്‌കാരം വിളയിക്കുന്ന കേന്ദ്രങ്ങളായി മാറണം. എങ്കില്‍ മാത്രമേ തിളക്കമാര്‍ന്ന പൈതൃകം വീണ്ടെടുക്കാന്‍ നമുക്ക് കഴിയൂ.

 

അങ്ങനെയുള്ളപ്പോള്‍ ആഴ്ചയിൽ ഒരു വട്ടമെങ്കിലും സകുടുംബ ക്ഷേത്ര ദർശനം ശീലമാക്കരുതോ...?

ഇങ്ങനെയെങ്കില്‍ നിങ്ങളുടെ ക്ഷേത്രം ആഴ്ചയിൽ ഒരുദിവസമെങ്കിലും ദിവസമെങ്കിലും ദേശവാസികളായ ഭക്തജനങ്ങളെക്കൊണ്ട് നിറയും. സകുടുംബമായെത്തുന്നതിനാല്‍ ക്ഷേത്രനടയില്‍വെച്ച് സുഹുർത്ബന്ധം, പരിചയം എന്നിവ പുതുക്കുകയും ചെയ്യാം.

നിങ്ങളുടെ ഗ്രാമദേവതയ്ക്ക് സമര്‍പ്പിക്കാനുള്ള പൂമാലയോ അല്ലെങ്കില്‍ അല്പം പുഷ്പമോ അല്ലെങ്കില്‍ അല്പം എണ്ണയോ നെയ്യോ അതുമല്ലെങ്കില്‍ ഇതെല്ലാമായോ ആഴ്ചയിലൊരുദിവസം നിങ്ങളുടെ ഗ്രാമക്ഷേത്രം സന്ദര്‍ശിച്ച് നിങ്ങളിവ ആ ദേവന് അല്ലെങ്കില്‍ ദേവിയ്ക്ക് നല്‍കി ആയുരാരോഗ്യ സൗഖ്യത്തിന് പ്രാര്‍ത്ഥിക്കാറുണ്ടോ?

സ്വന്തം ദേശത്തെ ദേവതയെ മറന്നുകൊണ്ടുള്ള യാതൊരു ഭക്തിയും നമ്മെ എവിടെയും കൊണ്ടെത്തിക്കുകയില്ല. "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ...." എന്ന വരികളില്‍ കൃത്യമായി പറഞ്ഞിരിക്കുന്നത് 'ഷഡാധാരങ്ങള്‍' തന്നെയാകുന്നു. അപ്പോള്‍ നമ്മള്‍ 'ഷഡാധാരങ്ങള്‍' എന്താണെന്ന് അറിയണം. ഇതിനെക്കുറിച്ചൊക്കെ പഠിക്കണമെങ്കില്‍ നാം നമ്മുടെ ഗ്രാമക്ഷേത്രങ്ങളിലെ കര്‍മ്മിയുമായി ഊഷ്മളമായൊരു 'ഗുരു-ശിഷ്യബന്ധം' ഉണ്ടാക്കേണ്ടതുണ്ട്. അതുമൂലം ഇന്ന് കേരളത്തിൽ ക്ഷയോന്മുഖമായി വർത്തിക്കുന്ന നിരവധി ചെറു ക്ഷേത്രങ്ങൾ അഭിവൃദ്ധിയിലെത്തും. ദേവസ്വം ബോർഡുകളുടെ ദൂരെയുള്ള പ്രശസ്ത ക്ഷേത്രങ്ങളേക്കാൾ എപ്പോഴും സ്വന്തം ദേശത്തുള്ള ചെറിയ ക്ഷേത്രങ്ങളാണ് നിങ്ങളോരോരുത്തരുടേയും ശ്രദ്ധാകേന്ദ്രങ്ങളാവേണ്ടത്.ഈശ്വരൻ സർവവ്യാപിയാണ്. ഇതുപോലെ കേരളത്തിലെ, ഗ്രാമീണ മേഖലയിലുള്ള സകല ചെറു ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ 'സകുടുംബ ക്ഷേത്രദര്‍ശനം' ഒരു പതിവാക്കി നടത്തിയാല്‍ ലഭിക്കുന്ന പുണ്യം നമുക്കും, കുടുംബത്തിനും, നമ്മുടെ തലമുറകള്‍ക്കും പിന്നെ നമ്മുടെ സംസ്കാര പാരമ്പര്യത്തിനും സർവോപരി നാടിനും സര്‍വ്വൈശ്വര്യം ലഭിക്കുന്നതിന് ഉതകുമെന്ന് അടിവരയിട്ട് പറയട്ടെ...

ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്തുകൊണ്ട്?…

ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്തുകൊണ്ട്?…

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്ന സംശയത്തിന് ഉത്തരം ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ഷേത്രം എന്താണെന്നും ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കണം.

ക്ഷേത്രങ്ങള്‍ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.
ക്ഷേത്ര മതില്‍കെട്ടു മുതല്‍ ദേവതാവിഗ്രഹം വരെ എല്ലാം മനുഷ്യശരീരത്തിലെ വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ക്ഷേത്രദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം ഈശ്വരചൈതന്യത്തെ ഭക്തനില്‍ ശാരീരികമായും മാനസികമായും സന്നിവേശിപ്പിക്കലാണ്.

പഞ്ചശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. പൂജാദികള്‍കൊണ്ട് ചൈതന്യവത്താക്കപ്പെട്ട പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ ദേവചൈതന്യം നമ്മില്‍ നിറയുകയും തന്‍റെ ഉള്ളില്‍ പ്രകാശിക്കുന്നത് ഇതേ ചൈതന്യമാണെന്ന തിരിച്ചറിവുണ്ടാവുകയും വേണം.  ദേവചൈതന്യത്തിന്‍റെ സുഗമമായ സ്വീകരണത്തിന് തടസ്സമായിട്ടുള്ളതെല്ലാം വര്‍ജ്ജ്യമാണ്. വിസര്‍ജ്ജ്യങ്ങള്‍, മദ്യം, പുകയില, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മുതലായവ പരിപാവനമെന്ന് കരുതുന്ന ഏതൊരിടത്തും ഒഴിവാക്കുകയെന്നത് സാമാന്യയുക്തി മാത്രമാണല്ലോ.

എന്താണ് ആര്‍ത്തവമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം.   ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയില്‍ നശിച്ചില്ലാതാകുന്ന അണ്ഡവും, ഗര്‍ഭാശയാന്തര കലകളും, രക്തസ്രാവത്തോടൊപ്പം പുറത്തുപോകുന്ന അവസ്ഥയാണിത്.

പുതുജീവന്‍ ഉടലെടുക്കുകയാണെങ്കില്‍ അതിനുവേണ്ട സംരക്ഷണം കൊടുക്കാന്‍ പ്രകൃതിയൊരുക്കിയ രക്തമാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്.   നമ്മളോരോരുത്തരുടേയും ജീവനെ ആദ്യം നിലനിര്‍ത്തിയത് ആരക്തമാണെന്നതിനാല്‍ പരിപാവനമാണത് രജസ്വലയായ സ്ത്രീയെ ഹിന്ദുമതം അശുദ്ധയായി കണക്കാക്കുന്നു എന്നത് തെറ്റിദ്ധാരണമാത്രമാണ്.

‘രജസാ ശുദ്ധ്യതേ നാരീ’ എന്നാണ് ഋഷിവചനം.

എന്നാല്‍ ഏതൊന്നിനും സ്ഥാനഭ്രഷ്ടം സംഭവിച്ചാല്‍ മഹത്വം ഇല്ലാതാകുന്നതുപോലെ (ഉദാഹരണത്തിന് തലയിലിരിക്കുന്ന മുടി ഭക്ഷണത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥ പോലെ) രക്തവും (ആര്‍ത്തവ രക്തം മാത്രമല്ല) ശരീരത്തിന് പുറത്തുവന്നാല്‍ അത് വിസര്‍ജ്ജ്യം മാത്രമാണ്.

മറ്റു വിസര്‍ജ്ജ്യങ്ങള്‍ ഇച്ഛാനുസരണം നിയന്ത്രിയ്ക്കാമെന്നിരിക്കെ ആര്‍ത്തവരക്തം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നതും അതിന്‍റെയൊരു പ്രത്യേകതയാണ്.  
സ്ത്രീയുടെ ആര്‍ത്തവചക്രത്തിന് ചന്ദ്രമാസവുമായി ബന്ധമുണ്ടെന്നും അവളുടെ ശാരീരിക ഊര്‍ജ്ജനില ചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പോലെ ഈ ചക്രത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു എന്ന് ആചാര്യന്മാര്‍ പറഞ്ഞതിനെ അന്ധവിശ്വാസമെന്ന് പലരും എഴുതിത്തള്ളും.

എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സായിപ്പിന്‍റെ നാട്ടില്‍ ആര്‍ത്തവക്രമക്കേടുള്ളവര്‍ക്ക് ലൈറ്റ് തെറാപ്പി നടത്തുന്നതെന്നറിയുമ്പോള്‍ ചിലരെങ്കിലു മറിച്ച് ചിന്തിച്ചേക്കാം.

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ ശാരീരക ഊര്‍ജ്ജനില ഉച്ചസ്ഥായിയിലെത്തുകയും ശരീരം സ്വമേധയാ വിസര്‍ജ്ജ്യത്തെ പുറംതള്ളുകയും ചെയ്യുമത്രേ.
ഈ ദിനങ്ങളില്‍ ശരീരോഷ്മാവ് കൂടുന്നു.

ഒരുപക്ഷെ ഊര്‍ജ്ജദായകമായ ക്ഷേത്രദര്‍ശനങ്ങളും മന്ത്രോച്ചാരണങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വിരുദ്ധമാകുമെന്നതിനാലാവകാം രജസ്വലയായ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ശാസ്ത്രജ്ഞന്മാര്‍കൂടിയായിരുന്ന നമ്മുടെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത്.

രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ സ്പര്‍ശിച്ചാല്‍ ആ ചെടി വാടുന്നതായും കാണുന്നു. ഇത് ഈ ദിനങ്ങളിലെ സ്ത്രീകളുടെ ശരീരോഷ്മാവ് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്.   ഇതുകൊണ്ടാണ് ഈ ദിനങ്ങളില്‍ നാലാള് കൂടുന്ന ചടങ്ങുകളിലും, തുളസിത്തറയിലും, കാവിലുമൊന്നും പോകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീനിഷേധമല്ല.
മറിച്ച് കാരുണ്യവതികളായ സ്ത്രീകളുടെ പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും ത്യാഗവുമാണിത്.  
പണ്ടുകാലത്ത് മാസത്തിലൊരുദിവസമൊഴിവില്ലാതെ കഠിനാദ്ധ്വാനം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മൂന്നു-നാലു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു.

ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക മാനസീക അസ്വസ്ഥതകളില്‍ തനിച്ചിരിയ്ക്കാന്‍ താത്പര്യമുള്ളതായി ഇക്കാലത്തും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്.   ആധുനിക വനിതയ്ക്ക് കഠിനമായ ശാരീരിക അദ്ധ്വാനം പതിവില്ല. എന്ത് ജോലിചെയ്യാനും മെഷിനുകള്‍ വന്നുകഴിഞ്ഞു.

അതു കൊണ്ടു തന്നെ ആര്‍ത്തവ ദിനങ്ങളില്‍ വിശ്രമം വേണോ എന്നത് അവരവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാവാം.
രജസ്വലയായിരിക്കുന്ന ദിനങ്ങളിലും സ്ത്രീകള്‍ക്ക് കറങ്ങി നടക്കാമെന്നും, ഹൈജമ്പ് ചാടാമെന്നുമൊക്കെ ആധുനിക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കണ്ടുശീലിച്ച നമ്മള്‍ ഈ സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറിനിന്ന് വിശ്രമം സ്വീകരിക്കുന്നത് ദുരാചാരങ്ങളാണെന്നും വാദിക്കുമ്പോഴും, ഇതൊക്കെ ആചാരമായി അനുഷ്ഠിച്ചിരുന്ന സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ നടുവേദന, യൂട്രസ് ക്യാന്‍സര്‍, മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരിക തുടങ്ങിയ രോഗങ്ങള്‍ നേരിട്ടിരുന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

വ്യക്തിപരമായ കാര്യങ്ങളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ മാനിക്കാനും സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്.

ക്ഷേത്ര സങ്കല്പത്തിലും ഈശ്വരചൈതന്യത്തിലും അറിഞ്ഞോ അറിവില്ലെങ്കില്‍ത്തന്നെയോ വിശ്വസിക്കുന്നവരാണ് സാധാരണ ക്ഷേത്രദര്‍ശനം നടത്തുക പതിവ്. ക്ഷേത്രം ഭക്തര്‍ക്കുള്ളതാണ്.   ക്ഷേത്ര ഉപാസകര്‍ അവിടുത്തെ ആചാരങ്ങളിലും വിശ്വാസമുള്ളവരായിരിക്കും.   അതിന്‍റെ ശാസ്ത്രീയത ബോധ്യപ്പെടുന്നില്ലെങ്കില്‍ അവിടെ നിന്നും വിട്ടുനില്ക്കുന്നതാണ് മാന്യത.

ആചാരത്തെ ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്തത് ആചാരത്തിന്‍റെ തെറ്റാകണമെന്നില്ല, മറിച്ച് അത് ശാസ്ത്രത്തിന്‍റെ പരിമിതിയുമാകാം. തെറ്റാണെന്ന് തെളിയിക്കപ്പെടാനാകാത്ത ഒന്ന് ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

എന്താണ് മന്ത്രം

എന്താണ് മന്ത്രം

"മനനാത് ത്രായതേ ഇതി മന്ത്ര "
മനസിനെ ത്രാണനം അഥവാ രക്ഷിക്കുന്നത് എന്തോ അതാകുന്നു മന്ത്രം ...

നമുക്ക് കണ്ണാൽ കാണാൻ കഴിയാത്ത ശക്തി ഭാവം ആണ് ഊര്‍ജ്ജവും ആണ് ശബ്ദം. അതുകൊണ്ട് തന്നെ  മന്ത്രങ്ങള് ഊര്‍ജ്ജ  ഭണ്ഡാരങ്ങളാണ്.
മന നാത് ത്രായതേ ഇതി മന്ത്ര:
നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നത് എന്നാണ് 'മന്ത്രം' എന്ന വാക്കിന്‍റെ അര്‍ത്ഥം. ഒരു കൂട്ടം വാക്കുകളും ശബ്ദങ്ങളും നമ്മുടെ വിശ്വാസത്തിനും ആത്മാര്‍ത്ഥതയ്ക്കും അനുയോജ്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രം. ഈ മന്ത്രങ്ങളൊക്കെ പ്രത്യേക ഊര്‍ജ്ജങ്ങളടങ്ങിയതാണ്. 
മന്ത്രങ്ങള്-ഉടെ  ഊര്‍ജ്ജം നമുക്ക് ശരിരത്തിനും മനസിനും ലോകത്തിനും ഊര്‍ജ്ജ നല്‍കി നമ്മെ നല്ല കാര്യങ്ങളിലേക്ക് നയിക്കുന്നു.
ഇവ ജപിക്കുന്നത്‌ മൂലം എല്ലാത്തരം സംഘര്‍ഷങ്ങളില്‍ നിന്നും ഉല്‍ക്കണ്ഠകളില്‍ നിന്നും മോചനം ലഭിക്കുന്നു. അശുഭകരമായ കാര്യങ്ങളെ നേരിടാന്‍ മനസ്സിന് ശക്തി ലഭിക്കുന്നു. മന്ത്ര ജപത്താല്‍ നമ്മില്‍ ഉണ്ടാകുന്ന ആത്മീയ ഊര്‍ജ്ജം മുജ്ജന്മ പാപങ്ങളെ ഇല്ലാതാക്കുന്നു. മന ശുദ്ധിക്കൊപ്പം മനസ്സമാധാനവും ലഭിക്കുന്നു. 
ഓരോ മന്ത്രങ്ങള്‍ക്കും അസാധാരണമായ ശക്തിയുണ്ടുതാനും. മന്ത്രങ്ങള്‍ പരിശുദ്ധമായ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ഇവയില്‍ നിന്ന് ഉത്ഭവിക്കുന്ന ചലനങ്ങള്‍ മനസ്സില്‍ അനുഭൂതി ജനിപ്പിക്കുകയും ആത്മീയമായ വളര്‍ച്ച പ്രദാനം ചെയ്യുകയും ചെയ്യുന്നു. മന്ത്രങ്ങളുടെ ആവര്‍ത്തനമാണ് ഫലം വര്‍ധിപ്പിക്കുന്നത്. 
ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം, ദേശം, ലിംഗം, വര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.
മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌. മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌.

1] മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. 
2] വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ
3] ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ. 
പഞ്ചാക്ഷര മന്ത്രം 
“ഓം നഃമ ശിവായ”
ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്. 
ഇതില്‍, 
ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും 
വകാരം വായു മഹേശ്വര ബീജവും 
യകാരം ആകാശം സദാശിവ ബീജവും ആണ്.

പ്രാ‍ർത്ഥന എങ്ങനെ നടത്തണം...

കുളിച്ച് ശുദ്ധിയായി, ശുദ്ധമായ ഒരു സ്ഥലത്ത് ഇരുന്ന് മനസ്സിൽ‍ നിന്ന് ഉതിരുന്ന രണ്ടു വാക്കെങ്കിലും ഉച്ഛരിച്ച് ഭഗവാനെ ധ്യാനിക്കുക. ഹാരങ്ങളോ പൂക്കളോപോലും വേണമെന്നില്ല. പക്ഷെ ആ ഒരു നിമിഷം നിങ്ങൾ‍ സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക. ‘ഞാൻ ആരുമല്ല, ഒന്നും ചെയ്യാൻ‍ കരുത്തനുമല്ല, എല്ലാം അങ്ങയുടെ മഹിമ-ഇനിയും എല്ലാം അങ്ങയുടെ ഇഷ്ടം, ഞാൻ‍ ഒന്നും യാചിക്കുന്നില്ല-എല്ലാം അറിയുന്ന അങ്ങ് എന്റെ ദു:ഖവും സുഖവും അറിയുന്നുണ്ടല്ലോ. അങ്ങയുടെ ഇഷ്ടം നടക്കട്ടെ!’ ഇത്രയും ആയിരിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയുടെ പൊരുൾ‍. അപ്പോൾ‍ ഏതു വലിയവനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യനും തീരെ ചെറുതായിതീരുന്നു. അഹം അവിടെ നഷ്ടപ്പെടുന്നു. പിന്നെ എന്തൊരു ശാന്തിയാണ്. നിങ്ങളുടെ ഏതു ദു:ഖത്തിലും ഈശ്വരൻ‍ നിങ്ങളെ കൈവിടില്ല. പരീക്ഷണങ്ങൾ‍ പലതും തരണം ചെയ്യേണ്ടി വന്നേക്കാം. പക്ഷേ വിജയം നിങ്ങളുടേതുതന്നെ ഉറച്ചുവിശ്വസിച്ചുകൊള്ളുക.

വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. എല്ലാം ദൈവത്തിനു ‍അർപ്പിക്കുന്ന നിങ്ങൾക്ക് ഭാരംകൂറഞ്ഞതായി തോന്നും. ജീവിതത്തിന്റെ പിരിമുറക്കത്തിനു അയവുവന്നതായി തോന്നും. ശാന്തിയും സമാധാനവുമില്ലാതെ ഓടിത്തളരുന്ന മനുഷ്യൻ പ്രാർ‍ത്ഥനമാത്രമേ കരണീയമായിട്ടുള്ളൂ. നമ്മുടെ ഗൃഹങ്ങളിലൊക്കെ പ്രാർ‍ത്ഥനയ്ക്കും ഭജനയ്ക്കും സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ ഗൃഹങ്ങൾ‍ ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. അന്യ സംസ്‌കാരങ്ങൾ‍ അനാവശ്യമായി സ്വീകരിച്ച് ആനയിച്ച് ഗൃഹാന്തരീക്ഷത്തിന്റെ പരിശുദ്ധിയും ശാന്തിയും നമുക്ക് നഷ്ടപ്പെട്ടുപോയി. സന്ധ്യാനാമങ്ങൾ‍ കേൾ‍ക്കുന്ന നാമജപത്തിന്റെ സ്ഥാനത്ത് ടി.വിയിലൂടെയുള്ള അട്ടഹാസങ്ങളും കോപ്രായങ്ങളുമാണിന്ന്. നമ്മുടെ കുട്ടികളെ നിങ്ങ‍ൾ ഈശ്വരമഹിമയെപ്പറ്റി ബോധവാന്മാരാക്കൂ.

എത്ര മഹത്തായ വിദ്യാഭ്യാസം നേടിയാലും അവ‍ർ ഈശ്വരനെ അറിയുന്നില്ലെങ്കിൽ‍ അവ‍ർ ഒന്നും നേടാൻ പോകുന്നില്ല. എന്ന വാക്യം മനസ്സിലാക്കി സ്വന്തം ഗൃഹങ്ങളെ ക്ഷേത്രങ്ങളെപോലെ പരിശുദ്ധമാക്കൂ. എല്ലാ അശാന്തിക്കും സമാധാനം ഇവിടെ നിങ്ങൾ‍ക്കു ലഭിക്കും. പ്രാർത്ഥന-അതു നിങ്ങളുടെ ഊന്നുവടിയാണ്. നിത്യവും പ്രാർ‍ത്ഥിക്കുക! മനശ്ശാന്തി കൈവരിക്കുക!

ഭഗവദ് ഭക്തനാകുന്ന സമയം തന്നെ ഒരാള്‍ക്ക് ഭഗവാനുമായി നേരിട്ട് ബന്ധമുണ്ടാകുന്നു. ഇതൊരു സുവിസ്തരമായ കാര്യമാണ്.

അഞ്ചുതരത്തില്‍ ഏതെങ്കിലുമൊരു വിധത്തിൽ ഭക്തന്‍ പരമദിവ്യോത്തമപുരുഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് ചുരുക്കിപ്പറയാം.

1.ശാന്തരസത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

2.ക്രിയാത്മകത്വത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

3.മിത്രഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

4.പിതൃഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

5.കാമിഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തൻ

അര്‍ജുനന് ഭഗവാനോട് സുഹൃദ്ബന്ധമായിരുന്നു. ഭൗതിക ലോകത്തില്‍ കാണുന്ന സുഹൃദ്ബന്ധവുമായി ഈ സുഹൃദ്ബന്ധത്തിന് തീര്‍ച്ചയായും വളരെ വ്യത്യാസമുണ്ട്. ഇത് അതീന്ദ്രിയമായ സൗഹൃദമത്രേ. എല്ലാവര്‍ക്കും അത് ലഭ്യമല്ല. ഭഗവാനുമായി എല്ലാവര്‍ക്കും പ്രത്യേക ബന്ധമുണ്ട്. അത് ഭക്തിയുതസേവനത്തിന്‍റെ പൂർണ്ണതയിൽ ഉദ്ഭൂതമാണുതാനും. എന്നാല്‍ നമ്മുടെ ജീവിതത്തിന്‍റെ ഈ കാലസ്ഥിതിയിൽ നാം പരമപുരുഷനെ മറന്നിരിക്കുന്നു എന്നു മാത്രമല്ല, ഭഗവാനുമായുള്ള സനാതനബന്ധംകൂടി വിസ്മരിച്ചിരിക്കുന്നു. കോടാനുകോടി ജീവസത്തകളുള്ളവയില്‍ ഓരോന്നിനും ഭഗവാനുമായി സനാതനമായ പ്രത്യേക ബന്ധമുണ്ട്. അതിനെ സ്വരൂപം എന്നു വിളിക്കാം. ഭക്തിയുതസേവനമെന്ന പ്രക്രിയയിലൂടെ ഈ സ്വരൂപത്തെ വീണ്ടെടുക്കാം. ആ നിലയെ സ്വരൂപസിദ്ധി, അതായത് മൂലസ്ഥിതിയുടെ പരിപൂര്‍ണ്ണത എന്നു പറയുന്നു. അര്‍ജുനന്‍ ഒരു ഭക്തനായിരുന്നു. അദ്ദേഹം സൗഹൃദത്തിലൂടെ പരമപുരുഷനുമായി ബന്ധപ്പെട്ടുമിരുന്നു

 

 വിശേഷിച്ചു കലിയുഗത്തിൽ‍ കീ‍ർത്തനത്തിനും കീർ‍ത്തനശ്രവണത്തിനും പ്രത്യേക മാഹാത്മ്യമുണ്ടെന്ന് ആചാര്യന്മാ‍ർ പറഞ്ഞിട്ടുണ്ട്. ഹൃദയത്തി‍ൽ ഭക്തി തുളിമ്പിനിൽ‍ക്കുന്ന ഒരുവ‍ൻ നല്‍കുന്ന വെറും അശുദ്ധജലംപോലും അവിടുത്തേക്ക് പ്രിയമെന്നല്ലേ ശ്രീരാമദേവൻ‍ പറഞ്ഞത്. ശബരിയടെ ഉച്ഛിഷ്ടംപോലും അമൃതുപോലെ അവിടുന്നു ഭൂജിച്ചില്ലേ?!. സാക്ഷാ‍ൽ ഭക്തന്മാർ‍ക്ക് കൈമുത‍ൽ ഭക്തിയും കരുണയും നിറഞ്ഞ മനസ്സുമാത്രം. ‘ഭക്തനു നന്നായി പ്രകാശിക്കും ആത്മാവിതു’ സിദ്ധിയും സാധനയും സാധാരണക്കാരന് അപ്രാപ്യമായിരിക്കാം. വേണമെന്നില്ല. തപോധനന്മാരായ ആചാര്യന്മാരുമായുള്ള സത്സംഗം നിങ്ങളെ ഈശ്വരനിൽ‍ അടുപ്പിക്കുന്നു. ആര്‍ഷഭാരതത്തിൽ‍ ജനിച്ച നമുക്ക് മാർ‍ഗ്ഗദർശകരായി അനേകമനേകം ആചാര്യന്മാർ ഉണ്ടായിട്ടില്ലേ?. ഭക്തിക്കും മുക്തിക്കും പിന്നെ എന്തുവേണം. അവരുടെ വചനങ്ങൾ ശ്രവിക്കുക. സത്സംഗം തേടുക

 

 

നില വിളക്കിന്‍റെ പ്രാധാന്യം

ബ്രാഹ്മ മുഹൂർത്തത്തിൽ ശിരസ്സിന്റെ ഇടതു വശത്തുള്ള ഒരു ഗ്രന്ഥിയായ വിദ്യ പ്രവർത്തിക്കുമ്പോൾ വിദ്യോപാസന ചെയ്യുന്നത് നല്ലതാണ്. വിദ്യയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ രാവിലെ വീട്ടിൽ കത്തിക്കുന്ന ദീപത്തിന്റെ ഊർജ്ജം സഹായകമാണ്.നിലവിളക്ക് ലോഹനിർമ്മിതമായ ഓട് കൊണ്ട് നിർമ്മിച്ചതായിരിക്കണം. പഞ്ചലോഹത്തള ധരിക്കുന്നതുത്തമം. നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തിയെ ബലപ്പെടുത്തുകയും ചെയ്യും .സ്വർണ്ണം സ്ഥിരമായി ധരിക്കുന്നത് കൊണ്ട് ഇവ നികന്ന് കിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗർലഭ്യം എള്ളെണ്ണയിലൂടെയും നികന്ന് കിട്ടുമെന്നതിനാൽ ഓട്ട് വിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് വ്യവസ്ഥ: ഓട്ടിലെ ലോഹ മിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പ് ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുകയും രോഗബീജങ്ങളേയും മറ്റും നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലും പരിസരങ്ങളിലും വ്യാപിക്കുന്ന പ്രാണോർജ്ജം അന്തരീക്ഷത്തെ ആരോഗ്യ പൂർണ്ണമാക്കും.

 

തന്ത്രി ക്ഷേത്രത്തിലെ പരമാധികാരി..............

 

ഈശ്വരന്‍ ആര്‌?

ഈശ്വരന്‍ ആര്‌?

ഈശ്വരന്റെ സ്വരൂപത്തെയും ഈശ്വരന്റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്‌. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകൾക്കതീതനാണ്‌, പരിമിതികൾക്കപ്പുറമാണ്‌, അവിടുന്ന്‌ എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ട്‌. പ്രത്യേകിച്ച്‌ ഒരു രൂപമെടുത്തവെന്ന്‌ പറയാന്‍ പറ്റുകയില്ല. ഇന്നതാണെന്ന്‌ വിശേഷിച്ച്‌ പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്ക്‌ സങ്കല്പ്പിലക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും അതിനപ്പുറവും കവിഞ്ഞു നില്ക്കുന്നതാണ്‌ ബ്രഹ്മം. ഈശ്വരന്‍ ഗുണാതീതനാണ്‌. അവിടുത്തെക്കുറിച്ച്‌ വാക്കാല്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെ, നമ്മുടെ ബുദ്ധിക്ക്‌ മനസ്സിലാകുന്നതിന്‌ വേണ്ടി ഈശ്വരന്‍ ചില ഗുണങ്ങളോടുകൂടിയവനാണെന്ന്‌ പറയുന്നു. ആ ഗുണങ്ങളാകട്ടെ ത്യാഗികളായി മഹാത്മാക്കളില്‍ പ്രതിഫലിച്ച്‌ കാണാം. അങ്ങനെയുള്ളവരാണ്‌ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍. സത്യം ധർമ്മം ത്യാഗം സ്നേഹം ദയ കരുണ്‌ തുടങ്ങിയവയാണ്‌ ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ്‌ ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കുകയുള്ളൂ. വിത്തിനുള്ളില്‍ പൂവും കായും എല്ലാമുണ്ടെങ്കിലും അത്‌ മണ്ണിനടിയില്പോതയി അഹമാകുന്ന തോട്‌ പൊട്ടിക്കഴിയുമ്പോഴാണ്‌ അവയൊക്കെ പുറത്ത്വരുന്നത്‌. തോടുപൊട്ടി അത്‌ വളര്ന്ന് ‌ കഴിയുമ്പോള്‍ എല്ലാ രീതികളിലും ഉപകാരമേയുള്ളൂ. സ്വന്തം ചുവടുമുറിക്കുമ്പോഴും വൃക്ഷം തണല്‍ നല്കുരന്നു. ത്യാഗത്തിലൂടെ ഹൃദയം കണ്ണാടിപോലെയാകുമ്പോള്‍ ഈശ്വരന്റെ സ്വരൂപം എന്തെന്നറിയാന്‍ കഴിയും. അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റും. ഭഗവദ്ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കും. ഈശ്വരന്‍ നിര്ഗുംണനാണ്‌. പക്ഷേ, അവിടുത്തെ ഉള്ക്കൊെള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്ക്‌ ഉപാധിയോടോകൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്ക്‌ ദാഹമുണ്ട്‌. വെള്ളം വേണം. എന്നാലത്‌ കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണ്‌ . വെള്ളം കുടിച്ച്‌ കഴിഞ്ഞാല്‍ ആ പാത്രം നമ്മള്‍ ഉപേക്ഷിക്കും. ഈശ്വരനെ നിര്ഗുിണഭാവത്തില്‍ ഉള്ക്കൊള്ളുവാന്‍ പ്രയാസമാണ്‌. അതിനാല്‍ ഭക്തന്റെ സങ്കലല്പ്പമനുസരിച്ച്‌ ഈശ്വരന്‍ രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണ്‌ നമുക്ക്‌ എളുപ്പമായിട്ടുള്ളത്‌. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധിസഹായകമാണ്‌. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധി സഹായകമാണ്‌. മരത്തില്‍ കയറാന്‍ അറിഞ്ഞുകൂടാത്ത ഒരാളിന്‌ കൈയില്‍ ഒരു തോട്ടിയുണ്ടെങ്കില്‍ മാമ്പഴം പിച്ചിയെടുക്കാം. അതുപോലെ നമ്മിലിരിക്കുന്ന നല്ല ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാന്‍ ഒരു ഉപാധി വേണ്ടിയിരിക്കുന്നു. ഈശ്വരശക്തി ലോകത്തില്‍ പ്രകടമാകുന്നത്‌ ഈ ഉപാധികളില്ക്കൂടിയാണ്‌. എന്നാലവിടുന്നു നിര്ഗു്ണന്‍ തന്നെ.

കൗളം അഥവാ കൗളാചാരം

തികച്ചും യോഗ ശാസ്ത്രപരമായ ഒരു ആചാരമാകുന്നു കൗളം എന്നത് യഥാർത്ഥത്തിൽ ഈ ശാസ്ത്രത്തെ നശിപ്പിച്ചത് ഈ ശാസ്ത്രത്തിന്റെ പുറത്തുള്ളവരല്ല അകത്തുള്ളവരാണ്. കൗളം എന്ന് പറഞ്ഞാൽ കള്ളുകുടിയും മറ്റും ചെയ്യാനുള്ള ലൈസൻസ് ആയിട്ടാണ് ഇത്തരക്കാർ കാണുന്നത്.  സമൂഹത്തിൽ ഈ ശാസ്ത്രത്തെ അധഃപതിപ്പിച്ചത് ഇവർ ആകുന്നു. കൗളം ഒരിക്കലും ദ്രവ്യ പൂജ അല്ല കൗളം തികച്ചും യോഗീ ഭാവം ആകുന്നു . വാമാചാരത്തിൽ നിന്ന് കൊണ്ട് ദ്രവ്യാസക്തി മകാരങ്ങളിലൂടെ പൂജിച്ചു അറിഞ്ഞതിനു ശേഷം കിട്ടുന്ന സാധകന്  വിഷയങ്ങളിൽ നിന്നുള്ള വൈരാഗ്യ ഭാവമാണ് കൗളൻ. ഇപ്പൊ കൗളം എന്നാൽ മദ്യവും മാംസവും വച്ചുള്ള ഏതു പൂജയും കൗളമാകുന്നു ഒരു ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങിയവനും കൗളൻ എന്ന് പറയുന്നു. മനോബലം കിട്ടാത്ത ഇത്തരത്തിലുള്ള ശിഷ്യന്മാർ ഇങ്ങനെ ഉള്ള പൂജകളിലൂടെ സ്വയം നശിക്കുന്നതോടൊപ്പം സമൂഹത്തെ നശിപ്പിക്കുന്നു. അതിലൂടെ ഗുരുപരമ്പരയെ നശിപിക്കുന്നു അതിലൂടെ സാക്ഷാൽ ആനന്ദ ഭൈരവൻ ആനന്ദ ഭൈരവിക് നൽകിയ ഈ പ്രപഞ്ച രഹസ്യമാകുന്ന കൗള ശാസ്ത്രത്തെയും നശിപ്പിക്കുന്നു .

കൗളാചാരം എന്തെന്ന് തന്ത്ര ശാസ്ത്രം പറയുന്നു ..

കാളി തന്ത്ര ...(26/4)

ഏതൊരു സാധകൻ തന്റെ സുഷുമ്ന നാഡിയിലൂടെ കുണ്ഡലിനി (ശക്തി) ഉണർത്തി സഹസ്രാരത്തിൽ (ശിവൻ) എത്തി അവിടെ വച്ച് യോഗാമൃതം കുടിക്കുന്നുവോ അവൻ കൗളനായി ഭവിക്കും 
മറ്റൊരു പ്രമാണം നോക്കാം

"അകുലം ശിവ ഇത്യുക്തം കുലം ശക്തി പ്രകീർത്തിത 
കുലാ അകുല അനുസന്ധാന നിപുണ: കൗളിക പ്രിയേ " (B/T..567.4)

അകുലം (സഹസ്രാരം) ശിവനും കുലം (മൂലാധാരം) ശക്തിയും  ഇവ തമ്മിലുള്ള സമ്മേളനം നടത്തി യോഗാമൃതം നടത്തുന്നവൻ ആരോ അവൻ കൗളൻ ആകുന്നു

അൽപ ജ്ഞാനികളായ ഗുരു ചമയുന്നവരാകുന്നു ഇത്തരത്തിൽ കൗളാചാരത്തെ നശിപ്പിക്കുന്നത് ..

മനുഷ്യൻ ആസക്തിയിൽ മനസിനെ വ്യാപാരിപ്പിക്കുന്നവൻ ആണ് ആ മനുഷ്യനിൽ നിന്ന് ബോധത്തെ ഉയർത്താൻ നിരന്തരമായ വാമാചാര പ്രക്രിയയിലൂടെ ഉപാസന ചെയ്തു കൗളം പന്ഥാവ് സ്വീകരിക്കുക. ഇവിടെ വാമാചാരം കർമ്മ മാർഗം അഥവാ ബാഹ്യാരാധന ആകുന്നു .
കൗളം ജ്ഞാന മാർഗം അഥവാ ആന്തരിക സാധന ആകുന്നു ..

വ്യക്തമായി നല്ല ഗുരുവിൽ നിന്ന് ഇതിന്റെ രഹസ്യങ്ങളെ അറിയുക.

 

പുനർജ്ജനി ഗുഹ

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ തെക്കുകിഴക്കുമാറി ഭൂതന്മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് പുനർജ്ജനി ഗുഹ. 150 മീറ്റർ നീളം വരുന്ന ഈ ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. തിരുവില്വാമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഈ ഗുഹ. ഇതിനുപിന്നിലും ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെ:

മഹാവിഷ്ണുദർശനം കിട്ടിയെങ്കിലും പ്രേതങ്ങൾക്ക് മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. അദ്ദേഹം പരശുരാമനോട് ഇങ്ങനെ പറഞ്ഞു: 'അല്ലയോ ഭാർഗ്ഗവാ, പ്രേതങ്ങൾ ഒരുപാട് ജന്മങ്ങൾ എടുത്തുകഴിഞ്ഞവരാണ്. കർമ്മം കാരണമാണ് ജന്മമുണ്ടാകുന്നത്. കർമ്മമൊടുങ്ങിയാൽ മാത്രമേ മോക്ഷം കിട്ടൂ.' തുടർന്ന് പരശുരാമൻ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ദേവേന്ദ്രന്നും ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി. എന്നാൽ, പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന് പരശുരാമൻ പറഞ്ഞപ്പോൾ വിശ്വകർമ്മാവ് ഉടനെ അനുയോജ്യമായ സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. അവർ അങ്ങനെ ഈ മലയിലെത്തി. തുടർന്ന് ഒരു സ്ഥലത്ത് വിശ്വകർമ്മാവിന് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും ബൃഹസ്പതി പൂജകൾ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ഭൂതന്മലയുടെ അടിവാരത്ത് പരശുരാമൻ വിഘ്നനിവാരണത്തിനായി 'ഗണപതിതീർത്ഥം' നിർമ്മിച്ചു. ഗുഹയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 'പാപനാശിനി' (ഇതേ പേരിൽ തിരുനെല്ലിയിൽ ചെറിയൊരു നദിയുമുണ്ട്), 'പാതാളതീർത്ഥം' എന്നിങ്ങനെ വേറെയും രണ്ട് തീർത്ഥങ്ങൾ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദേവേന്ദ്രൻ അമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിച്ചു. അത് തന്മൂലം 'അമ്പുതീർത്ഥം' എന്ന് അറിയപ്പെടാൻ തുടങ്ങി. ദേവേന്ദ്രന്റെ വാഹനമായ ഐരാവതം തന്റെ കൊമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിയ്ക്കുകയും അത് തന്മൂലം 'കൊമ്പുതീർത്ഥം' എന്ന് അറിയപ്പെടുകയും ചെയ്തു. ശിവശിരസ്സിൽ നിന്നും വിഷ്ണുപാദത്തിൽ നിന്നും ഗംഗാതീർത്ഥം കൊണ്ടുവന്ന് പരശുരാമൻ അവയിൽ നിറച്ചു. തുടർന്ന്, നിർമ്മാണം പൂർത്തിയായ ഗുഹയിലൂടെ പ്രേതങ്ങൾ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.

അതേ സമയം, ഏതാനും ബ്രാഹ്മണരും അവിടെയെത്തി. അവർ പരശുരാമനോട് തങ്ങൾക്കും നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പരശുരാമൻ അവരോട് ഇങ്ങനെ പറഞ്ഞു: 'വർഷത്തിൽ ഒരു ദിവസം - വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശിനാൾ - അന്നുമാത്രമേ ഈ ഗുഹയ്ക്കകത്ത് മനുഷ്യർക്ക് പ്രവേശനമുള്ളൂ. മറ്റ് ദിവസങ്ങൾ പ്രേതങ്ങൾക്കുള്ളതാണ്. മാത്രവുമല്ല, നൂഴാൻ വരുന്നവർ വ്രതനിഷ്ഠയോടുകൂടിയായിരിയ്ക്കണം വരേണ്ടത്.' ബ്രാഹ്മണരെത്തിയ ദിവസം പരശുരാമൻ പറഞ്ഞ ആ ദിനം തന്നെയായിരുന്നു! അവർ എല്ലാ നിഷ്ഠകളോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് അവരും ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.

ഈ ഗുഹയെ മഹാഭാരതവുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ട്. അതിങ്ങനെ: കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തുവന്നിരുന്നു. കൂടാതെ, തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി അവർ പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു. ഒപ്പം, ചില ക്ഷേത്രങ്ങളും ഇവർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി. അവ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രവും ('ഐവർ' എന്നാൽ അഞ്ചുപേർ. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന അർത്ഥത്തിൽ ആ പേരുവന്നു) സോമേശ്വരം, കോതക്കുറുശ്ശി ശിവക്ഷേത്രങ്ങളുമായിരുന്നു.

ഗുരുവായൂർ ഏകാദശിനാളിലെ പ്രസിദ്ധമായ നൂഴൽ മഹോത്സവത്തിന് വളരെ കടുത്ത അനുഷ്ഠാനങ്ങളാണുള്ളത്. നൂഴുന്ന ഭക്തർ തലേദിവസം (ദശമി) തന്നെ ക്ഷേത്രത്തിലെത്തുകയും അന്നേദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തിൽത്തന്നെ കഴിച്ചുകൂട്ടുകയും വേണം. ഏകാദശിനാളിൽ പുലർച്ചെ നാലുമണിയ്ക്ക് ക്ഷേത്രത്തിലെ ശാന്തിക്കാർ വടക്കുഭാഗത്തെ ഭഗവതിച്ചിറയിൽ കുളികഴിഞ്ഞെത്തി നടതുറക്കുകയും തുടർന്ന് ഗുഹാമുഖത്തെത്തി ചില വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. നൂഴൽക്കാർ ക്ഷേത്രദർശനം നടത്തി കിഴക്കേ നടയിലൂടെ പുറത്തുകടന്ന് ഗണപതിതീർത്ഥം വരെ ചെല്ലുകയും അവിടെ കുളിയ്ക്കുകയും വേണം. തുടർന്ന് പാപനാശിനി, പാതാളതീർത്ഥം, അമ്പുതീർത്ഥം, കൊമ്പുതീർത്ഥം എന്നിവയിലും കുളിച്ച് ഈറനോടെ ഗുഹാമുഖത്തെത്തണം. രാമേശ്വരത്തെ ചില തീർത്ഥങ്ങൾ പോലെ ഇവ ചെറുതും വലുതുമായ കിണറുകളാണ്. ഇവയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചാണ് ഭക്തർ കുളിയ്ക്കാറുള്ളത്. ഗുഹാമുഖത്ത് ഏകദേശം ആറടി ഉയരമുണ്ട്. അതിനാൽ, സാധാരണ ഉയരമുള്ള ഏതൊരാൾക്കും ഇതിനകത്തുകൂടെ നിഷ്പ്രയാസം നടന്നുപോകാം. കുറച്ചുകഴിഞ്ഞാൽ, തലതാഴ്ത്തി നടക്കേണ്ടിവരും. വീണ്ടും കുറച്ചുകൂടിപ്പോയാൽ ഇരുന്നുനിരങ്ങേണ്ട സ്ഥലങ്ങളെത്തും. പിന്നെയും കുറച്ചുപോയാലാണ് ശരിയ്ക്കും നൂഴൽ തുടങ്ങുന്നത്. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക് മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെ മാത്രമേ പോകാൻ കഴിയൂ. അവസാനം, കുറച്ച് പടിക്കെട്ടുകൾ കൂടി കടന്നുകിട്ടിയാൽ ഒരാൾക്ക് പുറത്തുകടന്ന് വീണ്ടും പാപനാശിനിയിൽ കുളിയ്ക്കാൻ പോകാം. ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. അതിനാൽ, സാധാരണക്കാർ ഈ ശ്രമത്തിന് മുതിരാറില്ല. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. കൂടാതെ, ഇതിനകത്തുകിടന്ന് ആരും മരിച്ചതായും കേട്ടിട്ടില്ല. പുരുഷന്മാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.

1861ൽ ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനുശേഷം ക്ഷേത്രം നവീകരിച്ചപ്പോൾ ഇതേപോലൊരു ഗുഹ പടിഞ്ഞാറേ നടയിലും പ്രത്യക്ഷപ്പെട്ടു. ചിലർ ഇതും നൂഴ്ന്നുകടക്കാൻ ശ്രമിച്ചെങ്കിലും അനന്തമായ പടികളും കൂരിരുട്ടും കാരണം ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതുവഴിയുള്ള രഹസ്യമാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലെത്താം എന്നൊരു വിശ്വാസമുണ്ട്.

ശബരിയുടെ പൂര്‍വകഥ

ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ ഏക പുത്രിയായിരുന്നു മാലിനി. യൗവനയുക്തയായപ്പോള്‍ തപസ്വിയായ വീതിഹോത്രന്‍ എന്ന ബ്രാഹ്മണന്‍ അവളെ വിവാഹം ചെയ്തു.

മഹാജ്ഞാനിയുമായിരുന്നു ഈ യുവാവ്. മാലിനി ഭര്‍ത്താവുമൊത്ത് വനത്തിലെ പര്‍ണശാലയില്‍ വാസമായി. പൂജയ്ക്കും ഹോമത്തിനുമൊക്കെ ഒരുക്കുക, ആശ്രമം വൃത്തിയാക്കുക, ഭക്ഷണമുണ്ടാക്കുക തുടങ്ങിയ കര്‍മ്മങ്ങളിലും ഭര്‍ത്തൃശുശ്രൂഷയിലും മുഴുകിയെങ്കിലും അവള്‍ തൃപ്തയായിരുന്നില്ല.

വീതിഹോത്രന്‍ സദാ ഈശ്വരചിന്തയിലായതിനാല്‍ വിഷയസുഖങ്ങളൊന്നും ആഗ്രഹിച്ചില്ല. മാലിനിയാകട്ടെ വിഷയസുഖം ആഗ്രഹിച്ചു. കാമവികാരത്തിനടിമപ്പെട്ട് കല്മാഷന്‍ എന്ന കാട്ടാളനുമായി വേഴ്ചയുണ്ടായി. ജ്ഞാനിയായ വീതിഹോത്രന്‍ ഇതറിഞ്ഞപ്പോള്‍ അവളെ ശപിച്ചു. കാട്ടാളനുമായി ബന്ധപ്പെട്ട നീ കാട്ടാളത്തിയായിത്തീരട്ടെയെന്നായിരുന്നു ശാപം.

ദുഃഖിതയായി മാപ്പുചോദിച്ച മാലിനിയോട് ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി അവതരിക്കും. നിനക്ക് ശ്രീരാമചന്ദ്രന്റെ ദര്‍ശനം കിട്ടുമ്പോള്‍ മുക്തിയും ലഭിക്കും എന്ന് ശാപമോക്ഷവും കൊടുത്തു.

മാലിനി ശബരന്മാര്‍ എന്ന കാട്ടാളവംശത്തില്‍ ജനിച്ചു. പേര് ശബരിയെന്നുമായി. പൂര്‍വജന്മസ്മരണയുണ്ടായതിനാല്‍ ജ്ഞാനിയും പുണ്യവാനുമായിരുന്ന ഭര്‍ത്താവിന്റെ ശാപകഥ അവള്‍ ഓര്‍മ്മിച്ചുകൊണ്ടിരുന്നു. വിഷയസുഖങ്ങളിലേക്കു തിരിഞ്ഞതേയില്ല. സദാ ഈശ്വരചിന്തയോടെ ജീവിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആ വനത്തിലൊരിടത്ത് ഒരു ആശ്രമം അവളുടെ ശ്രദ്ധയില്‍പെട്ടത്.

പമ്പാസരസ്സിനടുത്ത് വളരെ ശാന്തമായ അന്തരീക്ഷത്തില്‍ വസിച്ചിരുന്ന ദിവ്യനായ മതംഗമഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്. മഹാതപസ്വിയായിരുന്ന മതംഗമഹര്‍ഷി ബാലിയെ ശപിക്കുന്ന കഥ കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയാം. ശബരി വളരെ ദൂരെനിന്ന് ആശ്രമത്തില്‍ നടക്കുന്നതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ശിഷ്യന്മാര്‍ കായ്കനികളും പുഷ്പങ്ങളും ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. ആശ്രമം വൃത്തിയാക്കുന്നു.

പമ്പയില്‍നിന്നും വെള്ളം ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. അവള്‍ക്ക് അവരെ സഹായിച്ചാല്‍കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ടായി. എന്നാല്‍ ഹീനജാതിക്കാരിയായതിനാല്‍ തനിക്കവിടെ പ്രവേശനം കിട്ടുകയില്ലയെന്നവള്‍ തീര്‍ച്ചയാക്കി. എങ്കിലും എങ്ങനെയെങ്കിലും മുനിമാരെ സഹായിക്കാന്‍ അവളുറച്ചു. ശിഷ്യന്മാരായ മുനികുമാരന്മാര്‍ ഉണരുന്നതിനുമുമ്പ് അവള്‍ ആശ്രമത്തിലെത്തി. മുറ്റമടിച്ചുവാരി വെള്ളം തളിക്കും.

കഴിഞ്ഞ ജന്മത്തില്‍ കുറെക്കാലം ആശ്രമസേവചെയ്തു പരിചയമുണ്ടല്ലോ. വാടാത്ത പൂക്കളും ഫലമൂലാദികളും തലേദിവസം ശേഖരിച്ചത് ആശ്രമവരാന്തയില്‍ കൊണ്ടുവയ്ക്കും. ആരെങ്കിലും ഉണരുന്നതിനുമുന്‍പ് സ്ഥലംവിടും. തങ്ങളാരുമറിയാതെ ആശ്രമത്തില്‍ ആരോവന്ന് ഇങ്ങനെ സേവചെയ്യുന്നുവെന്ന വിവരം ശിഷ്യന്മാര്‍ മതംഗമഹര്‍ഷിയെ അറിയിച്ചു. അവര്‍ ഒരുനാള്‍ ശബരിയെ കൈയോടെ പിടികൂടി മഹര്‍ഷിയുടെ മുന്നിലെത്തിച്ചു. അവള്‍ ഭയന്നുവിറച്ചു. കടുത്ത ശിക്ഷ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹം കാരുണ്യത്തോടെ ശബരിയെ അനുഗ്രഹിച്ചു. തന്റെ ആശ്രമത്തില്‍തന്നെ വസിച്ചുകൊണ്ട് സേവചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ത്രികാലജ്ഞാനിയായിരുന്ന മതംഗമുനി ശബരിയിലെ തപസ്വിനിയെ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയവള്‍ മതംഗമഹര്‍ഷിയുടെ ശിഷ്യനും ആശ്രമഅന്തേവാസിയുമായിത്തീര്‍ന്നു.

മഹര്‍ഷി ഭൗതിക ശരീരം വെടിയാന്‍ സമയത്ത് ശബരിയെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ ആയിരമായിരം വര്‍ഷങ്ങളായി ഇവിടെ തപസ്സുചെയ്തു. ഇപ്പോള്‍ ബ്രഹ്മപദം പ്രാപിക്കുന്നു. നീ ഇവിടെത്തന്നെ വസിക്കണം. മഹാവിഷ്ണു നമ്മെയും ധര്‍മ്മത്തെയും രക്ഷിക്കാന്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ അവതരിച്ചുകഴിഞ്ഞു. ശ്രീരാമചന്ദ്രന്‍ ഇപ്പോള്‍ ചിത്രകൂടത്തില്‍ വസിക്കുകയാണ്. പരംപുരുഷനായ ആ രാമന്‍ ഇവിടെയും എത്തും. അതുവരെ നീ ഇവിടെത്തന്നെ വസിക്കണം. രാമന്റെ ദര്‍ശനം ലഭിക്കുമ്പോള്‍ നിനക്കും പരമപദം ലഭിക്കും.

ഏകാദശരുദ്രന്മാര്‍

രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍.

1. മൃഗവ്യാധൻ
2. നിര്യതി
3. അഹിർബുദ്ധ്ന്യൻ
4. പിനാകി
5. സർപ്പൻ
6. അജൈകപാത്
7. ദഹനൻ
8. ഈശ്വരൻ
9. കപാലി
10. ഭർഗ്ഗൻ
11. സ്ഥാണു

രുദ്രന്‍ ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ്‌ പുരാണത്തില്‍ കാണുന്നത്‌. രുദ്രന്‍ ശിവരൂപമാണ്‌.

രുദ്രന്‍ ജനിച്ചപ്പോള്‍ തനിക്ക്‌ പേരു കിട്ടാത്തതുകൊണ്ട്‌ കരഞ്ഞതായും അങ്ങനെ കരയുന്നവന്‍ എന്നര്‍ഥംവരുന്ന "രുദ്രന്‍' എന്ന പേര്‍ നല്‌കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു.

കൊടുങ്കാറ്റ്‌, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ്‌ എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച്‌ കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്‌. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും രുദ്രന്റെ വൈരുധ്യാത്മക വ്യക്തിത്വത്തിന്റെ ഘടകങ്ങളാണ്‌.

കാലക്രമത്തില്‍ രുദ്രന്‍ പുരാണങ്ങളിലെ ശിവനായി രുപാന്തരപ്പെട്ടു. ശിവന്റെ സംഹാരപരമായ വശത്തെക്കുറിക്കുന്ന പദമാണ്‌ രുദ്രനെന്നും പറയാം.

രുദ്രന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌.

ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന്‌ അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന്‌ അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍നിന്ന്‌ അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു.

ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട്‌ ബ്രഹ്മാവ്‌ ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ്‌ ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്‌, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ്‌ അവരുടെ പേരുകള്‍.

ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്‌. അജൈകപാത്ത്‌, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍

സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്‌, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.

ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ്‌ അവര്‍ക്ക്‌ നല്‌കിയെന്നാണ്‌ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.

വടക്കുപുറത്തു പാട്ട്

വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട്.

വൈക്കം ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. ആദ്യ നാലുദിവസം എട്ട് കൈകളുള്ള ഭഗവതിയുടെ രൂപമാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും.

അടുത്ത നാലുദിവസങ്ങളിൽ പതിനാറ് കൈകളുള്ള രൂപവും, അതിനു ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ 32 കൈകളുള്ള രൂപവും വരയ്ക്കുന്നു. കാലം കൂടുന്ന ദിവസം വളരെ ബൃഹത്തായ, 64 കൈകളിൽ 64 ആയുധങ്ങളുമായി ദേവിയുടെ വാഹനമായ വേതാളത്തിന്റെ പുറത്ത് എഴുന്നള്ളുന്ന സംഹാര രുദ്രയായ ഭദ്രകാളിയുടെ, കളമാണ് വരയ്ക്കുക.

സാവിത്രി വ്രതം

അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. 

ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്. 

"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം. 

മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനുഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം. പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി. 

"പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും, പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത്" .

സാവിത്രീ ധ്യാന മന്ത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
സപ്തകാഞ്ചന വർണ്ണാഭാം 
ജ്വലന്തിം ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ   
സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം 
രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം 
ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം  
കാന്താം ച ജഗതാം വിധേഃ 
സർവ സമ്പത് സ്വരൂപാം ച 
പ്രദാത്രീം സർവ സമ്പദാം 
വേദാധിഷ്ഠാതൃദേവിം ച 
വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച     
ഭജേതാം വേദമാതരം".
                     
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം.

ആരാണോ സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. (ഭാരതീയ ചിന്തയിലെ അംഗങ്ങൾ, ഹ്രിദിസ്ഥമാക്കുക, ഉരുവിടുക)

ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.

ധ്യാനം
ॐ➖➖➖➖ॐ➖➖➖➖ॐ
“സച്ചിദാനന്ദസ്വരൂപേ ത്വം 
മൂലപ്രകൃതിരൂപിണി 
ഹിരണ്യഗർഭരൂപേ ത്വം  
പ്രസന്നാഭവസുന്ദരീ 
തേജഃസ്വരൂപേ പരമേ 
പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ 
പ്രസന്നാ ഭവ സുന്ദരീ 
നിത്യേ നിത്യപ്രിയേദേവി 
നിത്യാനന്ദ സ്വരൂപിണീ 
സർവമംഗളരൂപേ ച 
പ്രസന്നാ ഭവ സുന്ദരീ 
സർവസ്വരൂപേ വിപ്രാണാം  
മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി 
പ്രസന്നാഭവ  സുന്ദരി 
വിപ്രപാപേധ്മദാഹായ 
ജ്വാലദഗ്നിശിഖോപമേ         
ബ്രഹ്മതേജഃപ്രദേ ദേവി 
പ്രസന്നാ ഭവ സുന്ദരി 
കായേന മനസാ വാചാ 
യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ 
ഭസ്മീഭൂതം ഭവിഷ്യതി”

അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു.

ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"

സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു.

സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.

സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്.

ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.

പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്? മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല.

നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്.

ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും.

യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.

അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.

ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെ നൽകുകയാണ്.

ഇങ്ങനെ പറഞ്ഞ് സത്യവാന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  "അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും"

യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം.

ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക്

ഹിന്ദുമതം

ലോകത്തിലെ എല്ലാ മതങ്ങളിലും വെച്ചു ഏറ്റവും പഴക്കമേറിയ മതമാണ്‌ ഹിന്ദുമതം ഇതിനു ഏത്രായിരം സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നു പറയാന്‍ കഴിയില്ല.മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞു

© 2023 by Coming Soon

Copyright Sri mahalakshmi group 2019. All Rights Reserved.

for any Other further Details Contact,Sri Mahalakshmi Poojamate , Sri mahalakshmi Group,

Near Sri Mahavishnu temple,Anjilithanam P.o,Thiruvalla,Kerala-689 582

Or Mail @--- poojamate.kerala@gmail.com

​Or Contact 97 444 900 67 , 8592 00 7918 , 9142 944 182

bottom of page